എടത്വ: കുട്ടനാട് സീറ്റിനെച്ചൊല്ലി പോര്‍മുഖം തെളിയുന്നു. പ്രാദേശിക വികാരം ആളിക്കത്തിച്ച് സോഷ്യല്‍ മീഡിയ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷക്കേ മുന്നണി നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ കുട്ടനാട് സീറ്റില്‍ വ്യക്തമായ തീരുമാനത്തിലെത്താന്‍ ഇടത്-വലത് എന്‍ഡിഎ മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല.
രാഷ്ട്രീയ മാനത്തിനപ്പുറം പ്രാദേശിക വികാരവും സോഷ്യല്‍ മീഡിയ വഴി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രചാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ഡല രൂപീകരണത്തിനുശേഷം മൂന്നു മുന്നണിയിലെയും ഘടകകക്ഷികള്‍ മാത്രമാണ് അധികവും മത്സരിക്കാറുള്ളത്. മുന്നണിയിലെ പ്രധാന കക്ഷികള്‍ ഏതാനും തെരഞ്ഞെടുപ്പില്‍ മാത്രം ജനവിധി തേടിയിയെങ്കിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഘടകകക്ഷികളില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാൻ ഇടതു-വലതു മുന്നണിയിലെ പ്രധാന കക്ഷികള്‍ പലതവണ ശ്രമിച്ചിരുന്നു. ഇക്കുറിയും ഇരുമുന്നണിയിലെയും പ്രധാനകക്ഷികള്‍ കുട്ടനാട് സീറ്റിൽ കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു. മുന്നണി തീരുമാനം എത്തുന്നതിനു മുന്‍പേ ഘടകകക്ഷികള്‍ സ്വയം പ്രഖ്യാപനം നടത്തി മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. സ്ഥാനാര്‍ഥി പരിവേഷം ഒരുപരിധി വരെ വിജയിച്ച് നില്‍ക്കുമ്പോഴാണ് പ്രാദേശിക വികാരം ഉയര്‍ന്നത്.
കുട്ടനാട്ടിലെ സ്ഥിര താമസക്കാര്‍ തന്നെ സ്ഥാനാര്ഥികളാകണമെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. ഈ പ്രചാരണത്തിന്റെ ചുവടുപിടിച്ച് യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് രംഗത്തുവന്നു. കോണ്‍ഗ്രസില്‍ ഒരുപിടി നേതാക്കന്മാരുടെ പേരുകള്‍ ഉയര്‍ന്നതോടെ നേതൃത്വത്തിനും തലവേദനയായി മാറി.
കോണ്‍ഗ്രസില്‍ മൂന്നിലേറെ നേതാക്കളാണ് സ്ഥാനാര്‍ഥിത്വത്തിനായി മുറവിളികൂട്ടുന്നത്. സീറ്റു വിട്ടു നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വവും വാശിയിലാണ്.
കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തമായ ധാരണ നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി മോഹവുമായി നിരവധിപേരുണ്ട്.
എന്‍സിപിയുടെ സ്ഥിരം മണ്ഡലമായ കുട്ടനാട്ടില്‍ സിപിഎമ്മും സീറ്റില്‍ കണ്ണുവെച്ചിട്ട് നാളുകളായി. സ്ഥിരം സീറ്റില്‍നിന്ന് എന്‍സിപിയെ മാറ്റി സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മും മടിക്കുകയാണ്. ഏറ്റെടുക്കുന്ന സീറ്റിലെ വിജയ സാധ്യതയാണ് സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നത്.
എന്‍ഡിഎയിൽ ഘടകകക്ഷി സമ്മര്‍ദമില്ല ബിഡിജെഎസ് മത്സരരംഗത്തുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ആരു സീറ്റ് ഏറ്റെടുത്താലും എന്‍ഡിഎയില്‍ തര്‍ക്കം ഉടലെടുക്കാന്‍ സാധ്യതയില്ല.